ജ്യോതിഷം എന്ന ശാസ്ത്രം


ലോകത്തിലുളള എല്ലാ മതസ്രഷ്ടാക്കളും അവരവരുടെ ജ്ഞാനങ്ങളെ മാനവരാശിയുടെ നന്മയ്ക്കായി സ്വന്തം താത്പര്യത്തിന് അനുസരിച്ചു ജനഹൃദയങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ഇവരാകട്ടെ ജനശ്രദ്ധയാകർഷിച്ചതും അനുയായികളെ വാർത്തെടുത്തതും പ്രവചനങ്ങളിൽ കൂടിയാണ്. പ്രവാചകൻമാർ ഇല്ലാതെ ഒരു മതത്തിനും അനുയായികളെ സൃഷ്ടിക്കാനും നിലനിർത്താനും സാധിക്കുകയുമില്ല. ഇത്തരത്തിൽ ഉളളവരെ ഭാരതീയർ ഗുരുക്കന്മാർ എന്ന പേരിൽ ആദരിച്ചിരുന്നു. ഭാരതത്തിന്റെ ഗുരുക്കന്മാരാവട്ടെ സമസ്തലോകത്തിനും സുഖമുണ്ടാകട്ടെ, രാജാക്കന്മാർ (ഇന്നത്തെ മന്ത്രിമാർ) ജനങ്ങളെ സ്വസ്ഥമായി പരിപാലിക്കട്ടെ, ന്യായമായ മാർഗത്തിൽ അവർ സഞ്ചരിക്കട്ടെ എന്നു പ്രകൃതിയോട് അപ‌േക്ഷിച്ചു പ്രാർഥിച്ചിരുന്നു. അതോടൊപ്പം തന്നെ സർവസമൂഹത്തിനും ഈ ലോകത്തിലുളള യാത്രയ്ക്കു വഴികാട്ടിയായി ജ്യോതിയാകുന്ന പ്രത്യക്ഷ പ്രാണചൈതന്യ സ്വരൂപനാകുന്ന സൂര്യനെയും ഗ്രഹങ്ങളും നക്ഷത്രങ്ങളും ഉ‌ൾക്കൊളളുന്ന സൗരയൂഥത്തെയും അടിസ്ഥാനപ്പെടുത്തി പ്രവചനങ്ങൾ ശാസ്ത്രമാക്കി ചിട്ടപ്പെടുത്തി സ്വപ്രമാണമാക്കി വിശ്വാസികൾക്കു സമ്മാനിച്ചതാണു ജ്യോതിഷം എന്ന ശാസ്ത്രം. ഇതു ഹൈന്ദവ വേദാംഗമാണെങ്കിലും സർ‌വമാനവ സമൂഹത്തിനും ഉപയുക്തമാണ്.
സരസ്വതി എന്ന സങ്കല്പം
സരസ്വതി എന്നു വായിച്ചപ്പോൾ നിങ്ങളുടെ ബോധമണ്ഡലത്തിലേക്ക് ഈ വാക്ക് എത്തിച്ചുതരുന്ന ശക്തി ഏതാണോ അതിനെയാണു സരസ്വതി എന്നു വിളിക്കുന്നത്. ഈ ശക്തി എല്ലാ ജീവികളിലും പ്രവർത്തിക്കുന്നുണ്ട്. അതിനാലാണ് ഈശ്വരൻ എല്ലാ ജീവജാലങ്ങളിലുമുണ്ടെന്ന് എല്ലാ മതങ്ങളും പറയുന്നത്. സരസ്വതി എന്ന പേരിൽ ശരീരത്തിൽ ഒരു നാഡിയുണ്ടെന്ന് ആയു‍ർ‌വേദം പറയുന്നു. ഇപ്രകാരമുളള അനേകം നാ‍ഡീവ്യൂഹങ്ങളിൽ വരുന്ന ആ‌ഭ്യന്തരവും ബാഹ്യവുമായ ഊർജപ്രവാഹം രക്തചംക്രമണത്തിനു ഗുണവും ദോഷവുമുണ്ടാക്കാം. ഗുണമുണ്ടാക്കുന്നവയെ പോസിറ്റീവ് എനർജി അല്ലെങ്കിൽ ഈശ്വരശക്തിയെന്നും ദോഷമുണ്ടാക്കുന്നവയെ നെഗറ്റീവ് എനർജി അല്ലെങ്കിൽ ബാധകളെന്നും പറയുന്നു.
‘‘പൂർ‌വജന്മകൃതം പാപം വ്യാധിരൂപേണ ജായതേ’’ എന്നാണു ജ്യോതിഷത്തിൽ‌ പറയുന്നത്‌. കുടുംബത്തിൽ പൂർ‌വികരാൽ ചെയ്യപ്പെട്ടതും തന്റെ ജന്മാന്തരകൃതമായ പാപങ്ങളും രോഗദുരിതങ്ങൾക്കു കാരണമാണ്. ചില കുടുംബങ്ങളിൽ പാരമ്പര്യമായി ഭ്രാന്ത്, സന്താനമില്ലായ്മ, വൈകിയുളള വിവാഹം, അകാലങ്ങളിൽ മരണം, ഒരേ പ്രായത്തിൽ സമാനതയുളള രോഗങ്ങൾ‌, പുരുഷന്മാർ വാഴായ്ക ഇവയൊക്കെ തലമുറകൾ കാണുന്നുണ്ടെങ്കിൽ ഇതിനു കൃത്യമായ കാരണങ്ങളും പൂർവകൃതമായി കാണും. ഈ കാരണങ്ങളെ കണ്ടെത്തുന്ന പരിശോധനയാണു സാധാരണ പ്രശ്നം.
അല്പം കൂടി ഉയർന്ന പരിശോധന താംബൂലപ്രശ്നമായും വളരെ വിസ്തരിച്ച് ഓരോ അവയവവും പരിശോധിക്കുന്ന വ്യവസ്ഥ അഷ്ടമംഗലപ്രശ്നമായും ജ്യോതിഷത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്നു. സരസ്വതീനാഡിയെ ഉത്തേജിപ്പിച്ചാൽ‌ ബുദ്ധിയും ഓർമശക്തിയും കൂടും. ഇതിനു സാരസ്വതാരിഷ്ടം ഉത്തമമാണ്. അതുപോലെത്തന്നെ ദോഷങ്ങളെ മാറ്റുന്നതിനു ഫലപ്രദമായ പ്രതിവിധികളും ചികിത്സകളും ജ്യോതിഷത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. കൃത്യമായി രോഗനിർണയം നടത്തണമെന്നു മാത്രം.