ഓരോ നക്ഷത്രത്തിലും ചെയ്യാവുന്ന കർമ്മങ്ങള്‍.


അശ്വതി (നക്ഷത്രാധിപൻ - കേതു)
ചികിത്സ, ഔഷധസേവ, യാത്ര, ആഭരണം വാങ്ങൽ, വിദ്യാരംഭം, ശില്പകലകൾ പഠിക്കൽ‌, പഠിപ്പിക്കൽ‌, ലാഭകരമായ യാത്രകൾ‌ എന്നിവയ്ക്ക്‌ ഉത്തമം.
ഭരണി (അധിപൻ-ശുക്രൻ)
ഭഗവതി ക്ഷേത്രദര്‍ശനം, ശത്രുസംഹാര കൃത്യങ്ങള്‍, വിഷപ്രയോഗം സംബന്ധിച്ച കാര്യങ്ങള്‍‌, കിണർ കുഴിക്കല്‍, സാഹസകൃത്യങ്ങൾ, കൃഷികാര്യങ്ങൾ, ഭദ്രകാളി സംബന്ധമായ പൂജകൾ എന്നിവ നടത്താൻ നല്ലത്‌.
കാർത്തിക (സൂര്യൻ)
ഈ നക്ഷത്രം വരുന്ന ദിവസം ശത്രുസംഹാരത്തിനും വിവാദങ്ങൾ ആരംഭിക്കുവാനും മന്ത്രവാദം, മറ്റു പരിഹാര ക്രിയകൾ എന്നിവ ചെയ്യാനും ഭൂമി സംബന്ധമായ കാര്യങ്ങൾക്കും ഭൂമിയിൽ പ്രവേശിക്കാനും ഉത്തമം.
രോഹിണി (ചന്ദ്രൻ)മാതൃകാര്യങ്ങൾ, വൈകാരിക വിഷയങ്ങൾ, വിവാഹാദി കാര്യങ്ങൾ എന്നിവയ്ക്കും ആഭരണം ധരിക്കാനും വാങ്ങാനും ഉത്തമം, പുതിയ സം‌രംഭങ്ങൾ ആരംഭിക്കാനും
ഉദ്ഘാടനം നടത്താനും ഉത്തമം.
മകയിരം (ചൊവ്വ)
ചോറൂൺ, വിവാഹം, കാര്യസാധ്യത്തിനായുളള യാത്രകൾ, ഗൃഹാരംഭം, ഗ‌ൃഹപ്രവേശം, ദേവതാപ്രതിഷ്ഠ, ദേവസ്ഥാന നിർമാണം, പുതിയ പ്രവൃത്തികൾ ആരംഭിക്കൽ, ഉപനയനം എന്നിവ നടത്താൻ ഉത്തമം.
തിരുവാതിര (രാഹു)
കാതു കുത്താനും വിദ്യാരംഭത്തിനും മാന്ത്രികകർമങ്ങൾക്കും (ഉച്ചാടനം, മാരണം, ബലി) യുദ്ധം, ശത്രുസംഹാര കൃത്യങ്ങൾ, വിഷമരുന്നുകൾ, സംബന്ധമായ ജോലി എന്നിവയ്ക്കും ഉത്തമം.
പുണർതം (വ്യാഴം)
യാത്ര, ഗൃഹാരംഭം, ഗൃഹപ്രവേശം, ശാന്തികർമങ്ങൾ, പുണ്യകർമങ്ങൾ, വ്രതാരംഭം, വാഹനകാര്യങ്ങൾ, കൃഷി, മൃഗപരിപാലനകാര്യങ്ങൾ, വിദ്യാരംഭം, ദേവപ്രതിഷ്ഠ എന്നിവയ്ക്ക് ഉത്തമം.
പൂയം (ശനി)
ചോറൂണ്, ഗൃഹാരംഭം, ഗൃഹപ്രവേശം, സാത്വിക പൂജാകർമങ്ങൾ, പ്രതിഷ്ഠ, കലശം, സർവമംഗളകര്‍മങ്ങൾ എന്നിവ ചെയ്യാം.
ആയില്യം (ബുധൻ)
സർപ്പദോഷനിവാരണ പൂജകൾ, സർപ്പബലി, സർപ്പസംബന്ധമായ കാര്യങ്ങൾ, വിഷസംബന്ധമായ കാര്യങ്ങൾ, കപടസൂത്ര വിദ്യകൾ, സാഹസകൃത്യങ്ങൾ എന്നിവ നടത്താൻ ഉത്തമം.
മകം (കേതു)
പിതൃകർമം, ദേവപ്രതിഷ്ഠ, വിവാഹം, വിവാഹനിശ്ചയം, വിവാഹകാര്യങ്ങൾ, ഗൃഹപ്രവേശം, ശിലാസ്ഥാപനം, സാഹസ കൃത്യങ്ങൾ എന്നിവ നടത്താൻ ഉത്തമം.
പൂരം (ശുക്രൻ)
ശില്പകാര്യങ്ങൾ, രതികാര്യങ്ങൾ, ദാരുണകൃത്യങ്ങൾ, ബന്ധന കർമങ്ങൾ, കപട തൊഴിലുകൾ, ഊഹക്കച്ചവടം, നിയമപരമല്ലാത്ത പ്രവൃത്തികൾ എന്നിവയ്ക്കു കൊളളാം.
ഉത്രം (സൂര്യൻ)
വിവാഹം, അനുബന്ധചടങ്ങുകൾ, ദേവകാര്യങ്ങൾ, വിദ്യാരംഭം, ഗൃഹപ്രവേശം, ശിലാന്യാസം, ദേവപ്രതിഷ്ഠ, പുതിയ വാഹനം വാങ്ങാനും ഉപയോഗിക്കാനും ഉത്തമം. ആഭരണം വാങ്ങാനും ധരിക്കാനും അതിവിശേഷം.
അത്തം (ചന്ദ്രൻ)
മാതൃകാര്യങ്ങൾ, വൈകാരിക വിഷയങ്ങൾ, വിവാഹാദി കാര്യങ്ങൾ എന്നിവയ്ക്കും ആഭരണം ധരിക്കാനും വാങ്ങാനും ഉത്തമം, പുതിയ സം‌രംഭങ്ങൾ ആരംഭിക്കാനും ഉദ്ഘാടനം നടത്താനും ഉത്തമം. പാനീയവ്യവസായം, വ്യാപാരം എന്നിവ ആരംഭിക്കാൻ ഉത്തമം.
ചിത്തിര (ചൊവ്വ)
കൃഷികാര്യങ്ങൾ, കാതുകുത്ത്, ചോറൂൺ, ഉപനയനം, ഗൃഹപ്രവേശം, ശിലാസ്ഥാപനം, പുതുവസ്ത്രധാരണം, ശില്പവിദ്യാരംഭം, വിപണനം എന്നിവയ്ക്ക് ഉത്തമം.
ചോതി (രാഹു)
ആയുധനിർമാണം, കൃഷികാര്യങ്ങൾ, വിവാഹം, ഗൃഹപ്രവേശം, ശിലാസ്ഥാപനം എന്നിവയ്ക്കും പുതിയ ഭക്ഷണ രീതികൾ ആരംഭിക്കാനും നല്ലതാണ്. പുതിയ തൊഴിൽ ആരംഭിക്കാനും ബിസിനസ്‌ കാര്യങ്ങൾക്കും ഉത്തമം.
വിശാഖം (വ്യാഴം)
വസ്തുക്കൾ വാങ്ങാനും ആഭരണ നിര്‍മാണത്തിനും മരുന്നുകൾ സേവിക്കാനും ശില്പവിദ്യകൾ ആരംഭിക്കാനും ഉത്തമം.
അനിഴം (ശനി)
നൂതന വസ്ത്രധാരണം, വിവാഹം, കാര്യസാധ്യ യാത്രകള്‍ എന്നിവയ്ക്കും പുതിയ വാഹനം വാങ്ങാനും ഗൃഹാരംഭം, ശിലാസ്ഥാപനം തുടങ്ങി എല്ലാ ശുഭകർമങ്ങൾക്കും അനുരാധ എന്നു സംസ്കൃതത്തിൽ പേരുളള അനിഴം ഉത്തമം.
തൃക്കേട്ട(ബുധൻ)
ലോഹസംബന്ധമായ തൊഴിലുകൾ, ശില്പവിദ്യകൾ, വേദവിദ്യാരംഭം, ശത്രുസംഹാരകൃത്യങ്ങൾ, എണ്ണ വ്യാപാരം, എണ്ണ തേച്ചു കുളി എന്നിവയ്ക്ക്‌ ഉത്തമം
മൂലം (കേതു)
ഉദ്യാനനിർമാണം, ഗൃഹാരംഭം, ശിലാന്യാസം, കിണർ, കുളം എന്നിവയുടെ നിർമാണം, സന്ധി സംഭാഷണ ചർച്ചകൾ, കൃഷി കാര്യങ്ങൾ എന്നിവയ്ക്ക് ഉത്തമം
പൂരാടം (ശുക്രൻ)
വിഗ്രഹ നിർമാണം, കൃഷി കാര്യങ്ങൾ, രതി കാര്യങ്ങൾ, കുളം, കിണർ നിർമാണം, വാട്ടർ ടാപ്പ് സ്ഥാപിക്കൽ‌ എന്നിവ ആകാം. മരം മുറിക്കാനും കൃഷി ആരംഭിക്കാനും ഉത്തമം.
ഉത്രാടം (രവി)
എല്ലാ ശുഭകർമങ്ങൾക്കും ഉത്തമം. വിവാഹം, ചോറൂണ് കാര്യസാധ്യ യാത്രകൾ, ഗൃഹാരംഭം, ഗൃഹപ്രവേശം കൃഷികാര്യങ്ങൾ എന്നിവയ്ക്ക്‌ ഉത്തമം.
തിരുവോണം (ചന്ദ്രൻ)
വിഷ്ണുപൂജ, ദേവപൂജ, ഉപനയനം, ദേവപ്രതിഷ്ഠ, ഗൃഹാരംഭ പ്രവേശനങ്ങൾ, നൂതനകർമങ്ങൾ, ചോറൂണ്‌, പുതിയ വാഹന ഉപയോഗം, പുണ്യകർമങ്ങൾ‌ എന്നിവയ്ക്ക് ഉത്തമം. വൈകാരിക കാര്യങ്ങൾ‌, ജലസംബന്ധമായ വിഷയങ്ങൾ എന്നിവ നടത്താം.
അവിട്ടം (ചൊവ്വ)
ചോറൂൺ, ഉപനയനം, പൂജാകർമങ്ങൾ, സാമ്പത്തിക സ്ഥാപനം ആരംഭിക്കൽ, ഉദ്യാനനിർമാണം എന്നിവയ്ക്ക്‌ ഉത്തമം. ഈ ദിവസം തുടങ്ങുന്ന നല്ല കാര്യങ്ങൾ ലക്ഷ്യത്തെ പ്രാപിക്കും എന്നു വിശ്വസിച്ചുപോരുന്നു.
ചതയം (രാഹു)
ആഭരണ സമ്പാദ്യം, ജലവാഹന നിർമാണം, പുതിയ വാഹനാരോഹണം, ഗൃഹാരംഭം, ഗൃഹപ്രവേശം എന്നിവയ്ക്ക് ഉത്തമം
പൂരുരുട്ടാതി (വ്യാഴം)
കച്ചവടാരംഭം, സാഹസകൃത്യങ്ങള്‍, യുദ്ധകാര്യങ്ങൾ, കൃഷി കാര്യങ്ങൾ, ജല വാഹന നിർമാണം എന്നിവയ്ക്കും ആട്, കുതിര, ആന എന്നിവയെ വാങ്ങാനും ‌പരിപാലിക്കാനും ഉത്തമം
ഉത്തൃട്ടാതി (ശനി)
വിവാഹം, ചോറൂൺ തുടങ്ങിയ സർവമംഗള കർമങ്ങൾക്കും ഉത്തമം. ഗൃഹാരംഭം, ഗൃഹപ്രവേശം, പുതിയ തൊഴിൽ സംരംഭങ്ങൾ, ജോലിയിൽ പ്രവേശിക്കൽ എന്നിവയ്ക്ക് ഉത്തമം.
രേവതി (ബുധൻ)
വിവാഹമംഗ‌ളകർമങ്ങൾ, ഗൃഹാരംഭം, ഗൃഹപ്രവേശം, ജലസംബന്ധമായ വിഷയങ്ങൾ‌, ചോറൂൺ, ദേവതാപ്രതിഷ്ഠ, നൂതനകർമങ്ങൾ എന്നിവയ്ക്ക് ഉത്തമം. ജന്മനക്ഷത്രത്തിന്റെ 3-5-7 നാളുകളും ജനിച്ച രാശിയുടെ എട്ടാമത്തെ രാശി നക്ഷത്രങ്ങളും (അഷ്ടമരാശിക്കൂറ്) ശുഭകർമങ്ങൾക്കു നന്നല്ല.