മനുഷ്യജീവിതത്തിലെ പരമപ്രധാനമായ ബന്ധമാണു വിവാഹം. വിവാഹം എന്നതിന്റെ അർഥം വിശേഷരീതി സ്വീകരിക്കൽ എന്നാണ്. സ്ത്രീയും പുരുഷനും തമ്മിലുള്ള ശാരീരികവും മാനസികവും ആയ അടുപ്പം എന്നതിനുമുപരി കുടുംബജീവിതത്തിന്റെ തറക്കല്ലിടുന്നതു തന്നെ ഈ വേളയിലാണ്. തനിക്കു യോജിച്ച പങ്കാളിയെ കണ്ടെത്തുക എന്നതു വളരെ പ്രധാന സംഗതിയാണ്. ജീവിതത്തിന്റെ വിജയം എന്നത് ഒരു പരിധി വരെ ദാമ്പത്യ ജീവിതത്തിലെ സുഖദുഃഖങ്ങളെ ആശ്രയിച്ചിരിക്കുന്നു. പരമ്പരയുടെ നിലനിൽപിനെക്കാൾ തന്റെ സുഖത്തിലും ദുഃഖത്തിലും ഒരു പങ്കാളി എന്നതാണു പ്രധാനം. വിദ്യാഭ്യാസം, സമ്പത്ത്, തൊഴിൽ ഈ വക കാര്യങ്ങൾക്കാണു പുതിയ തലമുറ പ്രാധാന്യം കൊടുക്കുന്നത്.
പക്ഷേ നല്ല ജീവിതസംസ്കാരം, ആദർശപരമായ ജീവിതം, ഉത്തമ സന്താനങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ ഭാര്യാ ഭർതൃബന്ധത്തിന്റെ പങ്കു വലുതാണ്. മോഡേൺ സയൻസിന് ഈ വിഷയത്തിൽ ഒന്നും ചെയ്യാനില്ല. ഇവിടെയാണു ജ്യോതിഷത്തിന്റെ പ്രസക്തി. ഋഷീശ്വരൻമാർ പൊരുത്ത നിർണയത്തിനുള്ള മാർഗങ്ങൾ ഉപദേശിച്ചിട്ടുണ്ട്. അതു വിശ്വസനീയവും പ്രയോജനപ്രദവുമാണ്.
സ്ത്രീയോ പുരുഷനോ തന്റെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ വളരെ കാര്യങ്ങൾ ചിന്തിക്കാനുണ്ട്. അതിൽ പ്രധാനമാണു പൊരുത്തചിന്ത. കേരളത്തിൽ പത്തു വിധത്തിലുള്ള പൊരുത്തത്തിനാണു പ്രാധാന്യം. ദശാസന്ധിയും പാപസാമ്യവും നോക്കേണ്ടതുണ്ട്.
‘ദിനം ഗണം ച മഹേന്ദ്രം സ്ത്രീദീർഘം യോനിരേവച രാശി രാശ്യാധിപോ വശ്യം രജ്ജുർവേധം തഥൈവ ച’ എന്നിവയാണു പത്തു പൊരുത്തങ്ങൾ. ദശവിധ പൊരുത്തത്തിൽ ഓരോന്നിനും വെവ്വേറെ ഗുണഫലങ്ങൾ പറയുന്നുണ്ട്.
- രാശിപ്പൊരുത്തം:
സ്ത്രീജന്മതോ രണ്ടഥ മൂന്നുമഞ്ചുമാറും വിവർജിക്ക. സ്ത്രീയുടെ കൂറിൽ നിന്നു 2 ,3, 5, 6 കൂറുകളിൽ പുരുഷൻ ജനിച്ചാൽ അധമവും നാലാം രാശി മധ്യമവും 7 മുതൽ ശുഭവും ആണ് എന്നു പറയുന്നു. വധുവിന്റെ കൂറിൽ നിന്നു രണ്ടാം കൂറിൽ വരന്റെ കൂറ് വന്നാൽ ദ്രവ്യനാശം ഫലം. 3ന് ദുഃഖവും 4ന് അന്യോന്യവൈരവും 5ന് പുത്രനാശവും ഫലം. ഷഷ്ഠാഷ്ടമത്തിനു മരണ, വൈര, വിയോഗ ദോഷങ്ങളാണു പറയുന്നത്. സമസപ്തമത്തിന് ‘ സംപ്രീതിഃ സമസപ്തമേ’ എന്നു പറയുന്നു. പരസ്പര വശ്യവും പറയുന്നുണ്ട്.
- രാശ്യധിപപ്പൊരുത്തം:
സന്താനം രാശ്യാധിപതി എന്നാണു ചൊല്ല്. ദമ്പതികളുടെ ഐക്യവും സന്താനഭാഗ്യവും ഈ പൊരുത്തം പറയുന്നു. കാരണം രണ്ടു പേരുടെയും രക്തഗ്രൂപ്പുകളുടെ യോജിപ്പ്, രാശ്യധിപൻമാർ ഒരു ഗ്രഹമാവുകയോ തമ്മിൽ ഇഷ്ടഗ്രഹങ്ങളാകുകയോ ചെയ്താൽ സംഭവിക്കും. അവർ തമ്മിൽ യോജിപ്പും ആശയപ്പൊരുത്തവും ഭവിക്കുന്നു.
- വശ്യപ്പൊരുത്തം:
വശ്യോ അന്യോന്യവശ്യതാ എന്നാണു പ്രമാണം. ഈ പൊരുത്തം ഉണ്ടെങ്കിൽ ദമ്പതികൾക്ക് അന്യോന്യം മനോരമ്യത ഉണ്ടായിരിക്കും.
- മാഹേന്ദ്രപ്പൊരുത്തം:
മാഹേന്ദ്രാത് പുത്രവൃദ്ധിഃ സ്യാത് എന്നാണു പ്രമാണം. മാഹേന്ദ്രപ്പൊരുത്തത്താൽ സന്താനഗുണവും ദീർഘമംഗല്യവും ഉണ്ടാകും.
- ഗണപ്പൊരുത്തം;
രണ്ടുപേരുടേയും നക്ഷത്രങ്ങൾ ഒരേ ഗണത്തിൽ വന്നാൽ ഉത്തമമാണ്. മധ്യമം ദേവമാനുഷം. മാനുഷരാക്ഷസം പാടില്ല. ദേവാസുരത്തിൽ കലഹം ഫലം.
- ദിനപ്പൊരുത്തം:
ദിനമായുഷ്യമാരോഗ്യം എന്നാണു പ്രമാണം. ദിനപ്പൊരുത്തമുണ്ടെങ്കിൽ ദമ്പതികൾക്ക് ആയുരാരോഗ്യം ഭവിക്കും
- സ്ത്രീദീർഘപ്പൊരുത്തം:
സ്ത്രീദീർഘാൽ സർവസമ്പദഃ എന്നാണു ചൊല്ല്. സ്ത്രീദീർഘപ്പൊരുത്തം ഉണ്ടെങ്കിൽ എല്ലാ സമ്പത്തും ഉണ്ടാകും. സ്ത്രീജന്മതോതിദൂരസ്ഥം പുംജന്മർഷം ശുഭാവഹം എന്നാണു പ്രമാണം. പുരുഷജന്മനക്ഷത്രം സ്ത്രീയുടെ ജന്മനക്ഷത്രത്തിൽ നിന്ന് ഏറ്റവും അകലെയായിരിക്കുന്നതാണു നല്ലത്. സ്ത്രീദീർഘപ്പൊരുത്തം ഉണ്ടെങ്കിൽ ദമ്പതികൾക്കു സർവവിധ സമ്പൽസമൃദ്ധിയും ഉണ്ടാകും.
- യോനിപ്പൊരുത്തം:
യോനിതോ ദമ്പതിസ്നേഹഃ എന്നു പ്രമാണം. ഈ പൊരുത്തമുണ്ടെങ്കിൽ ദമ്പതികൾക്ക് അന്യോന്യസ്നേഹവും ഐക്യവും ഉണ്ടാകും.
- രജ്ജുപ്പൊരുത്തം:
രജ്ജുദോഷമില്ലാതെ പൊരുത്തം ഉത്തമമായി വന്നാൽ മംഗല്യവൃദ്ധിയും സന്താനഗുണവും ഉണ്ടാകും.
- വേധപ്പൊരുത്തം:
വേധം സംഭവിച്ചാൽ ബന്ധത്തിൽ രോഗം, വൈരം, വേർപാട് തുടങ്ങിയ കഷ്ടാനുഭവങ്ങൾ ഫലം. സന്താനങ്ങളിൽ നിന്നു സന്തോഷകരമല്ലാത്ത അനുഭവങ്ങളും ഉണ്ടാകും.
ഇപ്പറഞ്ഞ പത്തു പൊരുത്തങ്ങൾക്കുമപ്പുറം മനപ്പൊരുത്തത്തിനു ജ്യോതിഷം വളരെ പ്രാധാന്യം കൽപിച്ചിട്ടുണ്ട്.
ജാതകച്ചേർച്ചയിൽ എല്ലാ പൊരുത്തവും ഉണ്ടാകണമെന്നില്ല. പൊരുത്തക്കുറവിനു പ്രായശ്ചിത്ത പരിഹാരങ്ങൾ നിർദേശിക്കാൻ ജ്യോതിഷിക്കു കഴിയും.
ഉദാഹരണത്തിന്, രജ്ജുദോഷം ഉണ്ടെങ്കിൽ ചെയ്യേണ്ടത് ഇങ്ങനെയാണു പറഞ്ഞിരിക്കുന്നത്:
‘‘കാഞ്ചനം കൊണ്ടു നിർമിച്ചോരീശ്വരപ്രതിമ സാദരം വിശ്വദേവനു നൽകേണം...’’
ജാതകദോഷ നിവാരണത്തിനും വിവാഹാദിമംഗളസിദ്ധിക്കും സൽപുത്രലബ്ധിക്കും ഐശ്വര്യത്തിനും ലളിതാ സഹസ്രനാമം ജപിക്കുക.