എന്താണ് നാഡീ ജ്യോതിഷം



നാഡീജ്യോതിഷം ഇപ്പോൾ ഏറെ പേരുടെ വിശ്വാസം ആർജിച്ചുകഴിഞ്ഞ ജ്യോതിഷശാഖയാണ്. ഓരോ വ്യക്തിയുടെയും ഫലങ്ങൾ മുഴുവൻ കുറിച്ചുവച്ചിട്ടുള്ള ഓല നോക്കി ഭൂതവും വർത്തമാനവും ഭാവിയുമെല്ലാം പറയുന്ന രീതിയാണിത്. തമിഴ്നാട്ടിൽ തഞ്ചാവൂരിനടുത്ത് വൈത്തീശ്വരൻ കോവിലിനു പരിസരമാണ് നാഡീജ്യോതിഷക്കാരുടെ പ്രധാന കേന്ദ്രം. തമിഴ്നാട്ടിൽ പലയിടങ്ങളിലും കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലും നാഡീജ്യോതിഷം നോക്കുന്നവർ ഉണ്ട്.

അഗസ്ത്യമുനിയാണ് നാഡീജ്യോതിഷത്തിന്റെ ആചാര്യൻ എന്നാണ് അറിയപ്പെടുന്നത്. തമിഴ് വട്ടെഴുത്തിലാണ് ഇതുമായ ബന്ധപ്പെട്ട ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ളത്. ഓരോ രാശിക്കും 150 നാഡികളാണുള്ളത്. ഇങ്ങനെ 12 രാശിക്ക് 1800 നാഡികൾ. ഓരോ നാഡിക്കും ഓരോ പേരുണ്ട്. രാശികൾ ചരം, സ്ഥിരം, ഉഭയം എന്നിങ്ങനെ മൂന്നു തരത്തിലാണുള്ളത്. ഇതിൽ ചരരാശികൾക്കെല്ലാം നാഡികളുടെ പേര് ഒരുപോലെത്തന്നെ. എന്നാൽ ഇത് സ്ഥിരരാശിയിലെയും ഉഭയരാശികളിലെയും നാഡികളിലേതിൽ നിന്നുവ്യത്യസ്തമായിരിക്കും. അതുപോലെ സ്ഥിരരാശിയിലെയും ഉഭയരാശിയിലെയും നാഡികളുടെ കാര്യവും.

പന്ത്രണ്ടു രാശികളിലെയും എല്ലാ നാഡികളുടെയും ഭൂത, വർത്തമാന, ഭാവിഫലങ്ങൾ അഗസ്ത്യമഹർഷിയാൽ രചിക്കപ്പെട്ട് ഓലകളിൽ കുറിച്ചുവച്ചിരിക്കുകയാണത്രേ. ഫലം അറിയാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ യഥാർഥ ഓല കണ്ടെത്തിക്കഴിഞ്ഞാൽ അതിൽ ആ വ്യക്തിയുടെ എല്ലാ വിവരങ്ങളും ഉണ്ടായിരിക്കും എന്നാണു വിശ്വാസം.

നാഡീജ്യോതിഷവുമായി ബന്ധപ്പെട്ട് സംസ്കൃതത്തിലും തമിഴിലുമൊക്കെ ധാരാളം ഗ്രന്ഥങ്ങൾ ഉണ്ടായിട്ടുണ്ട്. ബൃഹത് പരാശരഹോരയും ഭൃഗുസംഹിതയുമൊക്കെ ഇതുസംബന്ധിച്ച പുരാണഗ്രന്ഥങ്ങളിൽ ചിലവയാണ്. ഇതിനു പുറമെ, ഗുരുനാഡി, ശുക്രനാഡി തുടങ്ങി ഗ്രഹങ്ങളുടെ പേരുമായിചേർത്ത് അറിയപ്പെടുന്നപുരാതന നാഡീഗ്രന്ഥങ്ങളുമുണ്ട്.

അഗസ്ത്യമഹർഷി രചിച്ചത് എന്നു കരുതുന്ന പുരാതന ഗ്രന്ഥങ്ങളുടെ പകർപ്പുകളാണ് ഇപ്പോൾ തഞ്ചാവൂരിലും പരിസരങ്ങളിലുമുള്ളവർ ഉപയോഗിക്കുന്നത്. ഏതായാലും കേരളീയപാരമ്പര്യ ജ്യോതിഷത്തിൽ നിന്നു തികച്ചും വ്യത്യസ്മാണു നാഡീജ്യോതിഷം. യുക്തിബോധത്തെക്കാളുപരി വിശ്വാസമാണു പലപ്പോഴും പല വ്യക്തികളെയും നാഡീജ്യോതിഷത്തിലേക്കു നയിക്കുന്നത്.